home
Shri Datta Swami

Posted on: 08 Nov 2023

               

Malayalam »   English »  

എന്തുകൊണ്ടാണ് എനിക്ക് അങ്ങയെ പ്രായോഗികമായി സേവിക്കാൻ കഴിയാത്തത്?

[Translated by devotees of Swami]

[ശ്രീ ഭരത് കൃഷ്ണ റെഡ്ഡി ചോദിച്ചു:- എന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ, ഒരു സാധാരണ യുവാവിനെപ്പോലെ ഞാൻ ലോകത്തിലേക്ക് വളരെയധികം ആകർഷിക്കപ്പെട്ടു. അങ്ങയുടെ ജ്ഞാനം പഠിച്ചതിനു ശേഷം ഞാൻ അതിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടു. അങ്ങേയ്ക്കു പ്രായോഗിക സേവനം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് എപ്പോഴും ആശങ്കയുണ്ട്?]

സ്വാമി മറുപടി പറഞ്ഞു:- ലോകത്തോടുള്ള നിങ്ങളുടെ മുൻകാല ആകർഷണം കാണിക്കുന്നത് നിങ്ങൾ ഇപ്പോഴും ലോകത്തിലേക്ക് മാത്രം കൂടുതൽ ആകർഷിക്കപ്പെടുന്നു എന്നാണ്. പക്ഷേ, നിങ്ങൾ എന്റെ ജ്ഞാനത്തിലേക്കു ആകർഷിക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ തലച്ചോറ് (ബ്രെയിൻ) എന്റെ ജ്ഞാനത്തിൽ സൈദ്ധാന്തികമായി ബോധ്യപ്പെട്ടിരിക്കുന്നു. ഇത് ദൈവത്തിനും ലോകത്തിനും ഇടയിലുള്ള ഒരു ഇടനിലാവസ്ഥയാണ്. നിങ്ങൾ ലോകവും ലൗകിക ജീവിതവും ഉപേക്ഷിക്കേണ്ടതില്ല. നിങ്ങൾ ഒരു ലൗകിക ജീവിതം നയിച്ചാലും, നിങ്ങൾക്ക് ലോകത്തോടുള്ള അമിതമായ ആകർഷണം നശിപ്പിക്കാൻ കഴിയും, അങ്ങനെ നിങ്ങൾ ലോകത്തോട് ന്യായീകരിക്കപ്പെട്ട സ്നേഹം മാത്രം നിലനിർത്തും. നിങ്ങൾ നീക്കം ചെയ്ത ലോകത്തോടുള്ള അധിക ആകർഷണം ദൈവത്തിലേക്ക് വഴിതിരിച്ചുവിടാം. ലോകത്തോട് നീതീകരിക്കപ്പെട്ട സ്നേഹവും ദൈവത്തോടുള്ള അഭിനിവേശത്തോടെയുള്ള സ്നേഹവും നിങ്ങൾക്ക് ഉണ്ടെന്നാണ് ഇതിനർത്ഥം. അത്തരമൊരു സാഹചര്യത്തിൽ, ലോകത്തോടുള്ള നിങ്ങളുടെ പ്രായോഗിക സ്നേഹം ഒരു പരിധിവരെ കുറയുകയും നിങ്ങൾ ദൈവത്തോട് കുറച്ച് പ്രായോഗിക സ്നേഹം കാണിക്കുകയും ചെയ്യും. ഇത് ആത്മീയ യാത്രയുടെ ആരംഭ ഘട്ടമാണ്, അതിനാൽ കാലക്രമേണ, നിങ്ങൾ ലോകത്തിൽ നിന്ന് പൂർണ്ണമായും വേർപെടുകയും പൂർണ്ണമായും ദൈവത്തോട് അടുക്കുകയും ചെയ്യും. നിങ്ങൾ ചില ഫലങ്ങൾക്കായി ശ്രമിക്കുമ്പോൾ, നിങ്ങൾ ഫലത്തെക്കുറിച്ച് ചിന്തിക്കരുത്, പക്ഷേ, നിങ്ങളുടെ എല്ലാ ശ്രദ്ധയും പരിശ്രമത്തിൽ മാത്രം വയ്ക്കണം, അങ്ങനെ നിങ്ങളുടെ മാനസിക ഊർജ്ജം ലോകത്തിന് വേണ്ടിയോ അന്തിമ ആത്മീയ ഫലത്തെക്കുറിച്ചുള്ള ചിന്തകൾക്കോ വേണ്ടി പാഴാക്കാതെ പൂർണ്ണമായും ദൈവത്തിൽ കേന്ദ്രീകരിക്കും. ഭൂരിഭാഗം ആളുകളും നിങ്ങളുടെ അവസ്ഥയിൽ മാത്രമാണ്. ദൈവം മനുഷ്യാവതാരമായി ഇറങ്ങിവന്ന് യഥാർത്ഥ ആത്മീയ ജ്ഞാനം പ്രസംഗിക്കാൻ കാരണം ഇതാണ്. അസ്വസ്ഥതയും പിരിമുറുക്കവുമില്ലാതെ നിങ്ങൾ നിങ്ങളുടെ പാതയിൽ പരിശ്രമിച്ചാൽ, ആത്മീയ യാത്രയിൽ നിങ്ങൾ വിജയിക്കുമെന്ന് ഉറപ്പാണ്. സ്വയത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചും ഉള്ള നിഷേധാത്മക (നെഗറ്റീവ്) ചിന്ത എപ്പോഴും പുറന്തള്ളുകയും ധൈര്യത്തോടെയുള്ള ആത്മവിശ്വാസം എപ്പോഴും നിങ്ങളുടെ മനസ്സിൽ ക്ഷണിക്കുകയും വേണം.

 
 whatsnewContactSearch